( www.panoornews.in ) എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ വിദ്യാർഥി ഇനി സ്കൂളിലേക്ക് ഇല്ല. സ്കൂളിൽ നിന്ന് ടിസി വാങ്ങും. കുട്ടിയ്ക്ക് സ്കൂളിൽ തുടരാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. 10 മണിക്ക് മാധ്യമങ്ങളെ കാണും എന്ന് പിതാവ് അറിയിച്ചു.


ഇന്നലെ രാത്രി മുതൽ കുട്ടിയ്ക്ക് ചില ശാരീരിക പ്രശ്‌നങ്ങളുണ്ടെന്നും തിങ്കളാഴ്ച മുതൽ കുട്ടി സ്‌കൂളിൽ എത്തുമെന്നുമായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീടാണ് കുട്ടി ഇനി ആ സ്‌കൂളിലേക്കില്ലെന്ന് പിതാവ് അറിയിക്കുന്നത്. വിവാദത്തിന് പിന്നാലെ സ്കൂൾ രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു. പിന്നീട് സ്കൂൾ തുറന്നെങ്കിലും ഹിജാബ് ധരിക്കണമെന്ന് ആവശ്യവുമായി മുന്നോട്ടുവന്ന വിദ്യാർഥിനി അവധിയിൽ ആയിരുന്നു.
ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലായിരുന്നു സ്കൂൾ മാനേജ്‌മെന്റ്. സ്‌കൂളിന്റെ നിയമാവലി അംഗീകരിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചതിനെ തുടർന്ന് വിഷയത്തിൽ പരിഹാരം ഉണ്ടായിരുന്നു. തുടർന്നും കുട്ടിയെ ഈ സ്‌കൂളിൽ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.
ഈ മാസം ഏഴിനാണ് സംഭവം. സ്‌കൂളിലെ ഒരു വിദ്യാർഥി യൂണിഫോമിൽ അനുവദിക്കാത്ത രീതിയിൽ ഹിജാബ് ധരിച്ചുവന്നതാണ് തർക്കത്തിനു കാരണമായത്. ഹൈബി ഈഡൻ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികളും നടത്തിയ ചർച്ചയിലായിരുന്നു പ്രശ്നത്തിന് പരിഹാരം ഉണ്ടായത്.
കുട്ടിയുടെ പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എൻറെ മകളുടെ മൗലികാവകാശമായ തലമറച്ച് സ്കൂളിൽ പോകാൻ അനുവദിക്കണമെന്ന മകളുടെ ആവശ്യത്തോട് വളരെ പോസിറ്റീവായാണ് കേരള സർക്കാറും വിദ്യാഭ്യാസ വകുപ്പും പ്രതികരിച്ചത്. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണവും അതിന്റെ റിപ്പോർട്ടും മകൾ ഉന്നയിച്ച ആവശ്യം ന്യായമാണെന്നും ഗൗരവമുള്ള വിഷയമാണെന്നും വ്യക്തമാക്കുന്നതുമാണ്. എന്നാൽ തികച്ചും ന്യായമായ ഈ ആവശ്യത്തോട് സ്കൂൾ അധികൃതരിൽ നിന്നും ഉണ്ടായ പ്രതികരണങ്ങൾ വളരെ വേദനയുണ്ടാക്കുന്നതാണ്.
നാട്ടിലെ സമാധാനം തകർക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ മാനസികമായി തകർത്തു. മകൾ ഷാൾ ധരിച്ചുവരുന്നത് മറ്റ് കുട്ടികളിൽ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകർ പറഞ്ഞത് മകളെ അങ്ങേയറ്റം തളർത്തി.
ചില രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും മകളെയും എന്നെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയും ആവശ്യം പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തു. ഇത്തരം സമ്മർദങ്ങൾ താങ്ങാനാകാതെ മനോനില തന്നെ തകരാറിലാകുന്ന സ്ഥിതിയിലാണ് ഞങ്ങൾ. ന്യായമായ ആവശ്യമാണെങ്കിലും അതിന്റെ പേരിൽ രാഷ്ട്രീയവും വർഗീയവുമായ മുതലെടുപ്പിന് പലരും ശ്രമിക്കുന്നുവെന്നാണ് ഈ ദിവസങ്ങളിൽ ഞങ്ങൾ മനസ്സിലാക്കിയത്. അതിൽ സ്കൂളിലെ പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ വർഗീയമായ ഇടപെടൽ എനിക്കുംഎൻറെ മകൾക്കും വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയത്. അതിനാൽ ഈ സ്കൂളിലെ മകളുടെ പഠനം അവസാനിപ്പിക്കുകയാണ്.
ടി.സി വാങ്ങി മറ്റേതെങ്കിലും സ്കൂളിൽ പഠനം തുടരാമെന്നാണ് ഞങ്ങളുടെ തീരുമാനം. അതോടെ ദുർവാശിയും ദുരഭിമാനവും മാറ്റിവച്ച് മറ്റ് കുട്ടികളുടെ പഠനം തടസ്സപ്പെടുത്താതെ മുന്നോട്ടുപോകാൻ സ്കൂൾ അധികൃതർ തയാറാകുമെന്ന് കരുതട്ടെ. നാട്ടിലെ സമാധാനം തകർക്കാൻ ഞങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നതിൽനിന്ന് സ്കൂൾ അധികൃതരം പി ടി എയും മറ്റ് തത്പര കക്ഷികളും പിൻമാറണമെന്നും അഭ്യർഥിക്കുന്നുവെന്നും കുട്ടിയുടെ പിതാവ് ഫേസ്ബുക്കിൽ കുറിച്ചു.
who faced headscarf ban, drops out of St. Rita's School; father to meet media at 10 am
